Sports
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം പിടിമുറുക്കുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 നെതിരെ ബാറ്റ് ചെയ്യുന്ന മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 155 എന്ന നിലയിലാണ്.
സരണ്‍ഷ് ജെയ്ന്‍ (41), ആര്യന് പാണ്ഡെ (33) എന്നിവരാണ് ക്രീസില്‍. 101 ന് ആറ് എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട മധ്യപ്രദേശിനെ ജെയ്ന്‍, പാണ്ഡെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം, എം.ഡി.നിതീഷ് എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന് നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടോസ് നേടിയ മധ്യപ്രദേശ് കേരളത്തിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക.
ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.
ടീം മധ്യപ്രദേശ്: ഹർഷ് ഗവാലി, യഷ് ദുബെ, ഹിമാൻഷു മന്ത്രി, ശുഭം ശർമ്മ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഋഷഭ് ചൗഹാൻ, സാരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, അർഷദ് ഖാൻ, കുമാർ കാർത്തികേയ, കുൽദീപ് സെൻ.
കേരളാ ടീം: അഭിഷേക് നായർ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, ബാബ അപരാജിത്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ്മ, എം.ഡി.നിധീഷ്, ശ്രീഹരി എസ്. നായർ, ഏദൻ ആപ്പിൾ ടോം, വി.അഭിജിത്ത് പ്രവീൺ.
National
ഭോപ്പാൽ: പാർട്ടി പ്രവർത്തകർക്കുള്ള പരിശീലപരിപാടിയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ നൽകി. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. മധ്യപ്രദേശിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
ബിഹാറിലെ പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.
രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു. ഇതിനു പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം.
National
ഭോപ്പാൽ: ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്നി ജില്ലയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്.
ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ രജകിനെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രിൻസ്, അക്രം ഖാൻ എന്നിവരാണ് വെടിയുതിർത്തതെന്നും ഇരുവരും ഒളിവിലാണെന്നും ഡിഐജി അതുൽ സിംഗ് പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയതിന് പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജീവനൊടുക്കി. പാർക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തർക്കം നിലനിന്നിരുന്നു.